| സർഗ്ഗസംഗീതം |
|
|
|
| Written by വയലാർ രാമവർമ്മ |
| Friday, 03 February 2012 14:32 |
|
ആരണ്യാന്തരഗഹ്വരോദരതപ- സ്ഥാനങ്ങളിൽ, സൈന്ധവോ- ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളിൽ ആരന്തർമ്മുഖമിപ്രഞ്ചപരിണാ- മോത്ഭിന്നസർഗ്ഗക്രിയാ- സാരം തേടിയലഞ്ഞൂ പണ്ടവരിലെ- ചൈതന്യമെൻ ദർശനം
ആ മൺമെത്തകളാറ്റുനോറ്റ മധുര- സ്വപ്നങ്ങളിൽ, ജീവിത- പ്രേമം പാടിയ സാമഗാനലഹരീ- ഹർഷാഞ്ചിതാത്മാക്കളായ്, ഹാ, മന്വന്തരഭാവശില്പികളെനി- ക്കെന്നേക്കുമായ് തന്നതാ- ണോമൽക്കാർത്തിക നെയ്‌വിളക്കെരിയുമീ- യേകാന്തയാഗാശ്രമം.
നാദം ശൂന്യതയിങ്കലാദ്യമമൃതം വർഷിച്ച നാളിൽ, ഗതോ- ന്മാദം വിശ്വപദാർത്ഥശാലയൊരിട- ത്തൊന്നായ് തുടിച്ചീടവേ ആ ദാഹിച്ചു വിടർന്ന ജീവകലികാ- ജാലങ്ങളിൽ, കാലമേ നീ ദർശിച്ച രസാനുഭൂതി പകരൂ മൽ പാനപാത്രങ്ങളിൽ! ഓരോ ജീവകണത്തിനുള്ളിലുമുണർ- ന്നുദ്ദീപ്തമായ്, ധർമ്മ സംസ്- കാരോപാസനശക്റിയായ്,ചിരതപ- സ്സങ്കൽപ്പസങ്കേതമായ്, ഓരോ മാസ്മരലോകവുമുണ്ടതിലെനി- ക്കെന്നന്തരാത്മാവിലെ- ത്തേരോടിക്കണ,മെന്റെ കാവ്യകലയെ- ക്കൊണ്ടാകുവോളം വരെ!
വാളല്ലെൻ സമരായുധം,ത്ധണത്ധണ- ധ്വാനം മുഴക്കീടുവാ- നാള,ല്ലെൻ കരവാളു വിറ്റൊരു മണി- പ്പൊൻ വീണ വാങ്ങിച്ചു ഞാൻ! താളം രാഗലയശ്രുതിസ്വരമിവയ്- ക്കല്ലാതെയൊന്നിന്നുമി- ന്നോളക്കുത്തുകൾ തീർക്കുവാൻ കഴിയുകി- ല്ലെൻ പ്രേമതീർത്ഥങ്ങളിൽ!
ഓണക്കോടി ഞൊറിഞ്ഞുടുത്തൂ കമുകിൻ പൊൻപ്പൂക്കുലച്ചാർത്തുമായ് പ്രാണപ്രേയസി, കാവ്യകന്യ, കവിള- ത്തൊന്നുമ്മ വച്ചീടവേ.. വീണക്കമ്പികൾ മീട്ടി, മാനവമനോ- രാജ്യങ്ങളിൽ ചെന്നൂ ഞാൻ; നാണത്തിന്റെ കിളുന്നുകൾക്ക് നിറയേ – പ്പാദസരം നൽകുവാൻ!
കാടത്തത്തെ മനസ്സിലിട്ട കവിയായ് മാറ്റുന്ന വാല്മീകമു; ണ്ടോടപ്പുലുക്കുഴലിന്റെ ഗീതയെഴുതി- സ്സൂക്ഷിച്ച പൊന്നോലയും; കോടക്കാർന്നിര കൊണ്ടുവന്ന മനുജാത്- മാവിന്റെ കണ്ണീരുമായ് മൂടൽമഞ്ഞിൽ മയങ്ങുമെന്നുമിവിടെ- പ്പൂക്കും വനജ്യോത്സ്നകൾ!
ഞാനിജ്ജാലകവാതിലിൽ ചെറുമുള- ന്തണ്ടിൽ ഞൊറിഞ്ഞിട്ടതാ- ണീ നീലത്തുകിൽ ശാരദേന്ദുകലയെ- പ്പാവാട ചാർത്തിക്കുവാൻ ഹാ, നിത്യം ചിറകിട്ടടിച്ചു ചിതറി- ക്കീറിപ്പറപ്പിച്ചുവോ ഞാനിസ്സർഗ്ഗതപസ്സമാധിയിലിരി- ക്കുമ്പോൾ കൊടുങ്കാറ്റുകൾ?
കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും ചിക്കിക്കിടന്നീടുമാ- ക്കാടങ്ങിങു ചവച്ചെറിഞ്ഞ തളിരും പൂവും പിടഞ്ഞീടവേ നാടന്ത:പ്രഹരങ്ങളേറ്റു കിടിലം- കൊൾകേ, മുലപ്പാലുമായ് പാടം നീന്തി വരുന്ന പൌർണ്ണമി, നിന- ക്കാവട്ടെ ഗീതാഞ്ജലി.
|




