|
എന്റെ കവിത (ചങ്ങമ്പുഴ )
ഇന്നോളം കാൽച്ചോടൊന്നു പിഴയ്ക്കാതാടിപ്പോന്നൊ- രെന്നോമൽക്കവിതേ, നിൻ കാൽകളിന്നിടറുന്നോ? എന്തിന്?-കലാബോധം തീണ്ടാത്ത കാലിപ്രായർ നിൻതാണ്ഡവത്തിൻനേർക്കു നീരസം ഭാവിച്ചിട്ടോ? അതിലത്ഭുതമില്ല, രാജഹംസത്തിൻ ലീലാ- സദനത്തിലെ,സ്സുധാസാന്ദ്രമാനസത്തിലെ, ഹേമപങ്കജമാദ്ധ്വീമാധുരി മാനിക്കുമോ ചേർമണ്ണിൽജ്ജളൂകങ്ങൾ ചികയും പാഴ്ക്കൊറ്റികൾ? പാടുവാനവയ്ക്കില്ല പാടവം,മതിമറ- ന്നാടുവാ,നാകാശത്തിൽ സ്വച്ഛന്ദം വിഹരിക്കാൻ; വെള്ളിമേഘങ്ങൾക്കിടയ്ക്കുദയപ്രകാശത്തി- ലുള്ളുണർന്നോമൽച്ചിറകടിച്ചു കൂകിപ്പൊങ്ങാൻ;- ആയത്തമാക്കാനഭിനന്ദനാർദ്രാശംസക- ളായവയ്ക്കഖിലേശനേകിയില്ലനുഗ്രഹം! അതിനാലസൂയതന്നത്യഗാധതയിൽനി- ന്നുയരാം സ്വയം,വ്യക്തിവിദ്വേഷധൂമാംശങ്ങൾ. കപടസ്സന്ന്യാസത്തിൻ വെള്ളയാദർശം ചുറ്റി- ക്കരളിൽക്കറയേന്തി മൗഢ്യമൂർത്തികളായി മനസ്സാൽ,വാക്കാൽ,കർമ്മശതത്താൽ നിർലജ്ജമീ മഹിയിൽ 'മഹാത്മാ'ഖ്യയെബ്ബലാൽസംഗം ചെയ്‌വാൻ, ഉണ്ടാകാം ചിലരെല്ലാം ഗാന്ധിസൂക്തികൾ തങ്ക- ച്ചെണ്ടിട്ടൊരിക്കാലത്തും കവിതേ, ക്ഷമിക്കൂ നീ! ഇടയൻ പുല്ലാങ്കുഴൽവിളിക്കെ,ക്കത്തിക്കാളും ചുടുവെയ്‌ലതേറ്റേറ്റു പൂനിലാവായിപ്പോകെ; ആയതിൻ തരംഗങ്ങളുമ്മവെച്ചാനന്ദത്താ- ലാലോലലതാളികൾ മൊട്ടിട്ടു ചിരിക്കവേ; മയിലാടവേ, മരക്കൊമ്പുകൾതോറും നിന്നു മലയാനിലൻ മർമ്മരാശംസ വർഷിക്കവേ; കുറ്റിക്കാടുകൾക്കുള്ളിൽക്കശ്മലസൃഗാലന്മാർ പറ്റിച്ചേർന്നോ,രിയിട്ടു പുച്ഛിച്ചാൽ ഫലമെന്തേ? ഇരുളിലുലൂകങ്ങൾ മുഷിഞ്ഞുമൂളീടിലും സരസം വിണ്ണിൽപ്പൊങ്ങി രാപ്പാടിയെത്തിപ്പാടും. എന്നോമൽക്കവിതേ, നീയിടറായ്കണുപോലും; നിന്നെയോമനിക്കുവാൻ കാത്തുനിൽക്കുന്നൂ കാലം. ഇന്നു നിൻചുറ്റുമപസ്മാരത്തിൻ ഞെരക്കങ്ങൾ നിന്നിടാം തത്തിത്തത്തി, നാളത്തെ പ്രഭാതത്തിൽ, അവതൻ നേർത്തു നേർത്ത മാറ്റൊലിപോലും മായു;- മവമാനിതയായ് നീ മറുകില്ലൊരിക്കലും. എത്രനാൾ നിഗൂഢമാ നിർലജ്ജപ്രചരണ- ബുദ്ബുദവ്രാതം നിൽക്കും 'പുഴ'തന്നൊഴുക്കുത്തിൽ? വിണ്ണിൽവെച്ചീശൻ നിന്നെയഭ്യസിപ്പിച്ചൂ, നീയീ മന്നിൽ വന്നേവം വീണവായിക്കാൻ, നൃത്തംചെയ്‌വാൻ ആരോടുമനുവാദം ചോദിച്ചല്ലതിനു നീ- യാരംഭിച്ചിതു,മിത്രനാളതു തുടർന്നതും. അതിനാ,ലേതോ ചില കോമാളിവേഷക്കാർ വ- ന്നരുതെന്നാജ്ഞാപിച്ചാൽക്കൂസുകില്ലെള്ളോളം നീ. നീയറിഞ്ഞിട്ടില്ലൊട്ടുമിന്നോളം പരാജയം; നീയവഗണിക്കയേ ചെയ്തിടൂ പരിഹാസം. ഏതെല്ലാം നെറ്റിത്തടം ചുളുങ്ങിക്കോട്ടേ, നീ നിൻ സ്വതന്ത്ര്യപ്രകാശത്തിൽ സ്വച്ഛന്ദം നൃത്തം ചെയ്യൂ! അലിവുള്ളവർ നിന്നെയഭിനന്ദിക്കും, കാലം വിലവെച്ചീടും നിന്റെ വിശ്വമോഹനനൃത്തം. നീയൊട്ടുമിടറായ്കെൻ കവിതേ-പറക്കുന്നൂ നീളെ നിൻ ജയക്കൊടി- തുടരൂ നിൻനൃത്തം നീ! ഹസ്തതാഡനഘോഷമദ്ധ്യത്തിൽ പതിവാണൊ- രിത്തിരി കൂക്കംവിളി,യെങ്കിലേ രസമുള്ളൂ. ഗുരുത്വം കെടുത്തുകില്ലക്കൂട്ടർ: മാഹാത്മാക്കൾ ധരിപൂ പിതാമഹന്മാരുടെ പാരമ്പര്യം. മർത്ത്യരാണിന്നെന്നാലുമുത്ഭവമോർമ്മിക്കണ്ടേ?- മർക്കടങ്ങളെ,യത്ര പെട്ടെന്നു മറക്കാമോ?...
മറ്റുള്ളോർ ചവച്ചിട്ടോരെല്ലുകൾ തക്കം നോക്കി- ക്കട്ടെടു,ത്തവ കാർന്നു ശൗര്യത്തിൻ ഭാവം കാട്ടി, ഉല്ലസൽസുധാകരനുയരുംനേരം,കഷ്ട- മല്ലിലാ ശ്വാനം പാർത്തുനിന്നെത്ര കുരയ്ക്കട്ടേ, ഫലമെന്തതുകൊണ്ടു?- മേൽക്കുമേൽപ്പൊങ്ങിപ്പര- ന്നലതല്ലിടും നിജ കീർത്തികൗമുദിയെങ്ങും! ഇടറാ,യ്കിടറായ്കെൻ കവിതേ,സവിലാസ- നടനം തുടരൂ നീ, വിശ്വമോഹിനിയായി!
|