|
Written by ഇരയിമ്മന്‍ തമ്പി
|
|
Tuesday, 28 April 2009 08:24 |
|
ഓമനത്തിങ്കള്‍ക്കിടാവോ കവി: ഇരയിമ്മന്‍ തമ്പി
ഓമനത്തിങ്കള്‍ക്കിടാവോ - നല്ല കോമളത്താമരപ്പൂവോ പൂവില്‍ നിറഞ്ഞ മധുവോ - പരി- പൂര്‍ണ്ണേന്ദു തന്റെ നിലാവോ പുത്തന്‍ പവിഴക്കൊടിയോ - ചെറു- തത്തകള്‍ കൊഞ്ചും മൊഴിയോ ചാഞ്ചാടിയാടും മയിലോ - മൃദു- പഞ്ചമം പാടും കുയിലോ തുള്ളുമിളമാന്‍ കിടാവോ - ശോഭ കൊള്ളുന്നൊരന്നക്കൊടിയോ ഈശ്വരന്‍ തന്ന നിധിയോ - പര- മേശ്വരിയേന്തും കിളിയോ പാരിജാതത്തിന്‍ തളിരോ - എന്റെ ഭാഗ്യദ്രുമത്തിന്‍ ഫലമോ വാത്സല്യരത്നത്തെ വയ്പാന്‍ - മമ വാച്ചൊരു കാഞ്ചനച്ചെപ്പോ ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരി- രുട്ടത്തു വെച്ച വിളക്കോ കീര്‍ത്തിലതയ്ക്കുള്ള വിത്തോ - എന്നും കേടുവരാതുള്ള മുത്തോ ആര്‍ത്തിതിമിരം കളവാന്‍ - ഉള്ള മാര്‍ത്താണ്ഡദേവപ്രഭയോ സൂക്തിയില്‍ കണ്ട പൊരുളോ - അതി- സൂക്ഷ്മമാം വീണാരവമോ വമ്പിച്ച സന്തോഷവല്ലി - തന്റെ കൊമ്പതില്‍ പൂത്ത പൂവല്ലി പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ - നാവി- ന്നിച്ഛ നല്‍കും നല്‍ക്കല്‍ക്കണ്ടോ കസ്തൂരി തന്റെ മണമോ - നല്ല സത്തുക്കള്‍ക്കുള്ള ഗുണമോ പൂമണമേറ്റൊരു കാറ്റോ - ഏറ്റം പൊന്നില്‍ക്കലര്‍ന്നോരു മാറ്റോ കാച്ചിക്കുറുക്കിയ പാലോ - നല്ല ഗന്ധമെഴും പനിനീരോ നന്മ വിളയും നിലമോ - ബഹു- ധര്‍മ്മങ്ങള്‍ വാഴും ഗൃഹമോ ദാഹം കളയും ജലമോ - മാര്‍ഗ്ഗ- ഖേദം കളയും തണലോ വാടാത്ത മല്ലികപ്പൂവോ - ഞാനും തേടിവെച്ചുള്ള ധനമോ കണ്ണിന്നു നല്ല കണിയോ - മമ കൈവന്ന ചിന്താമണിയോ ലാവണ്യപുണ്യനദിയോ - ഉണ്ണി- ക്കാര്‍വര്‍ണ്ണന്‍ തന്റെ കണിയോ ലക്ഷ്മീഭഗവതി തന്റെ - തിരു- നെറ്റിമേലിട്ട കുറിയോ എന്നൂണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരി- ലിങ്ങനെ വേഷം ധരിച്ചോ പദ്മനാഭന്‍ തന്‍ കൃപയോ - ഇനി ഭാഗ്യം വരുന്ന വഴിയോ
|