| അശ്വമേധം [വയലാർ] |
|
|
|
| Written by വയലാർ |
| Monday, 22 November 2010 09:22 |
|
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! വിശ്വസംസ്കാരവേദിയിൽ പുത്തനാ- മശ്വമേധം നടത്തുകയാണു ഞാൻ! നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പയു- മെൻ കുതിരയെ, ചെമ്പൻ കുതിരയെ? എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ! കോടികോടി പുരുഷാന്തരങ്ങളിൽ- ക്കൂടി നേടിയതാണതിൻ ശക്തികൾ. വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു- വെറ്റി നേടിയതാണതിൻ സിദ്ധികൾ! മന്ത്രമായൂരപിഞ്ചികാചാലന- തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം! കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ- ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ; കാട്ടുചൊലകൾ പാടിയപാട്ടുക- ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ; ഇന്നലത്തെ ചരിത്രം മയങ്ങുന്ന മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ എത്രയെത്ര ശവകുടീരങ്ങളിൽ ന്രുത്തമാടിയതാണാക്കുളമ്പുകൾ! ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട- കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ, എത്ര കൊറ്റക്കുടകൾ,യുഗങ്ങളിൽ കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,- അക്കുളമ്പടിയേറ്ററ്റുവീണുപോയ്; അത്രയേറെബ്ഭരണകൂടങ്ങളും! കുഞ്ചിരോമങ്ങൾതുള്ളിച്ചുതുള്ളിച്ചു സഞ്ചരിച്ചൊരിച്ചെമ്പങ്കുതിരയെ, പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ. പിന്നെ രാജകീയോന്മത്തസേനകൾ വന്നു നിന്നു പടപ്പാളയങ്ങളിൽ! ആഗമതത്വവേദികൾ വന്നുപോൽ യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ! എന്റെ പൂർവികരശ്വഹ്രിദയജ്ഞ; രെന്റെ പൂർവികർ വിശ്വവിജയികൾ, അങ്കമാടിക്കുതിരയെ വീണ്ടെടു- ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ! മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ - പ്പൊന്നണിയിച്ച സംസ്കാരശില്പികൾ! നേടിയതാണവരോടു ഞാ,-നെന്നിൽ നാടുണർന്നോരുനാളിക്കുതിരയെ! ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ മായുകില്ലെന്റെ ചൈതന്യവീചികൾ! ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ! ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ ആരൊരാളിക്കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ |




