അഗ്നിശലഭങ്ങളായിന്നു കുട്ടികള്‍

ചത്തുവീഴുന്നു ചാവേര്‍ക്കളങ്ങളില്‍

കാട്ടുതീപോലെ കുരുവിക്കുരുന്നിന്റെ

കൂട്ടില്‍ വീഴും പരുന്തിന്‍ നിഴല്‍‌പോലെ

കുന്നിറങ്ങും കൊടുങ്കാറ്റിന്‍ മൂളലായ്

രാത്രിയില്‍ പേടി പൂക്കുന്ന സ്വപ്നമായ്

ഞെട്ടിയാര്‍ത്തു നിലത്തുവീണുടയുന്നു

ഞെട്ടില്‍‌നിന്നൂര്‍ന്നുവീഴുന്ന മൊട്ടുകള്‍

പാലുനല്‍കും കരം വിഴുങ്ങുന്നോരും

ഭൂതഭീകരക്കാട്ടുന്യായങ്ങളില്‍

പാതയേതെന്നറിയാത്ത പഥികരായ്

മാതൃഹൃദയം പിളര്‍ന്നാര്‍ത്തലയ്ക്കുന്നു

കംസനീതിയാല്‍ കൂട്ടം പിരിഞ്ഞവര്‍

ചത്തുവീഴുന്നു ചാവേര്‍ക്കളങ്ങളില്‍

ഉമ്മതന്നു വളര്‍ത്തിയ നാടെന്റെയമ്മ

പുഴതന്നവള്‍ പൂത്ത മരവും മരത്തിലെ

കിളിയും കിളിച്ചൊല്ലുകവിതയും തന്നവള്‍

സര്‍വ്വലോകസുഖം ഭവിയ്ക്കേണമെ-

ന്നുണ്ണി നാവില്‍ ഹരിശ്രീ കുറിച്ചവള്‍

ഔദ്ധസഞ്ചാരവീഥികള്‍ തന്നവള്‍

ഗീത തന്നവള്‍ ഗായത്രി തന്നവള്‍

നബിയെ നന്മതന്‍ നിസ്കാരവീഥിയെ

ജറുസലേമിന്റെ കഥയില്‍ കരഞ്ഞവള്‍

എന്റെ നാടമ്മ നമ്മെയൊക്കെയും

പെറ്റുപോറ്റിവളര്‍ത്തി വിരിയിച്ചവള്‍

ഗര്‍ഭപാത്രത്തിലഗ്നിനൂല്‍ത്തിരികളെ

അഗ്രജന്മാര്‍ കൊളുത്തിയെറിയുമ്പൊഴും

പുത്രദുഃഖക്കണ്ണുനീര്‍ച്ചാല്‍ തുടയ്ക്കുന്ന

കൃഷ്ണവര്‍ണ്ണയാം സൈരന്ധ്രിയാണവള്‍

കണ്ണുകെട്ടി മുഖം മറച്ചിരുളില്‍ വന്ന-

മ്മതന്‍ മാറില്‍ ഉന്നം തെരക്കുമ്പോള്‍

ഗര്‍ഭപാത്രം പിളര്‍ന്നുമ്മപറയുന്നോരു

നക്ഷത്രദീപ്തമാം വാക്കുകള്‍ കേള്‍ക്കുക

പുത്രനെക്കാളും വലുതെന്റെ പെറ്റനാട്

വാക്കിന്റെയഗ്നിയില്‍ ചുട്ടുപോകും

നിന്റെ തോക്കും നിണം വീണ നിന്നട്ടഹാസവും

സിംഹനാദം‌പോല്‍ മുഴങ്ങുമീയമ്മതന്‍

മന്ത്രമധുരമാം വാക്കാണു കേരളം

അറിയുക നിങ്ങളഗ്നിശലഭം

ചതിച്ചിറകരിഞ്ഞഗ്നിവഴികളില്‍ വീഴുവോര്‍

വഴിപിഴയ്ക്കുന്ന വിഘടനക്കഴുകന്റെ

ചിറകരിഞ്ഞതിന്‍ തൂവലാല്‍ മാനവ-

പ്രണയവര്‍ണ്ണക്കൊടിക്കൂറ തുന്നിടാം

ഒരു പുലര്‍കാലസൂര്യാംശുതന്‍

ചെറുകുളിര്‍വെയില്‍ച്ചൂടില്‍

വിരിയട്ടെ പൂവുകള്‍