അവനവനു വേണ്ടിയല്ലാതെ അപരന്നു-

ചുടുരക്തമൂറ്റി കുലം വിട്ടുപോയവന്‍ രക്തസാക്ഷി

മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍ 

ഒരു രക്തതാരകം രക്തസാക്ഷി

 

മെഴുകുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു

ഇരുള്‍ വഴിയിലൂര്‍‌ജ്ജമായ് രക്തസാക്ഷി

പ്രണയവും പൂക്കളും ശബളമോഹങ്ങളും

നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും

നേരിന്നു വേണ്ടി നിതാന്തം ഒരാദര്‍ശ-

വേരിന്നു വെള്ളവും വളവുമയൂറിയോന്‍

 

ശലഭവര്‍ണക്കനവു നിറയുന്ന യൗവ്വനം

ബലിനല്‍കി പുലരുവോന്‍ രക്തസാക്ഷി

അമ്മക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍

നന്മക്ക് കണ്ണും കരുത്തും കൊടുത്തവന്‍

 

പ്രിയമുള്ളതെല്ലാം ഒരുജ്ജ്വലസ്വപ്നത്തി-

നൂര്‍ജ്ജമായൂട്ടിയോന്‍ രക്തസാക്ഷി

എവിടെയോ കത്തിച്ചു വച്ചോരു ചന്ദന-

ത്തിരിപോലെ എരിയുവോന്‍ രക്തസാക്ഷി

 

രക്തം നനച്ചു മഹാകല്പവൃക്ഷമായ്

സത്യ സമത്വ സ്വാതന്ത്ര്യം വളര്‍ത്തുവോന്‍

അവഗണന, അടിമത്തം, അധിനിവേശം

എവിടെയീ പ്രതിമാനുഷ ധൂമമുയരുന്ന-

തവിടെ കൊടുങ്കാറ്റ് രക്തസാക്ഷി

തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-

നൂക്കായ് പുലര്‍ന്നവന്‍ രക്തസാക്ഷി

 

ഒരിടത്തവന്നുപേര്‍ ചെഗ്‌വേര എന്നെങ്കില്‍

ഒരിടത്തവന്നു ഭഗത്‌സിംഗു പേര്‍

ഒരിടത്തവന്‍ യേശുദേവനെന്നാണു

വേറൊരിടത്തവന്നു മഹാഗാന്ധി പേര്‍

ആയിരം പേരാണവന്നു ചരിത്രത്തില്‍

ആയിരം നാവവനെക്കാലവും

 

രക്തസാക്ഷീ നീ മഹാപര്‍‌വ്വതം

കണ്ണിനെത്താത്ത ദൂരത്തുയര്‍ന്നു നില്‍ക്കുന്നു നീ

രക്തസാക്ഷീഇ നീ മഹാസാഗരം‌

എന്റെ ഹൃദ്‌ചക്രവാളം നിറഞ്ഞേ കിടപ്പൂ നീ ‌