മറ്റുള്ള ഗോപികമാർ കാനനം തന്നിൽ

മണ്ടി വരുന്നൊരു രാധയെ കണ്ടു

ചുറ്റും നിരക്കവെ നിന്നുരചെയ്തു

നമ്മളെ കൂറില്ല മാധവനെന്ന്

നമ്മൾക്ക് മുന്നമേ ബോധ്യവും വന്നൂ

നമ്മോട് കൂടി രമിക്കുന്ന കാലം

നന്മൊഴി രാധേ നീ നമ്മോടു ചൊല്ല്

നിന്നെയും കൊണ്ടല്ലേ പോയീ മുകുന്ദൻ

നിന്നെയുപേക്ഷിപ്പാനെന്തൊരു മൂലം

ഏറെ ഞെളിഞ്ഞു പറഞ്ഞിതു ഞാനും

എന്നെ നീ തോളിലെടുക്കു മുകുന്ദാ

എന്നാലതും ചെയ്യാമെന്നുര ചെയ്തു

മുട്ടുകാൽ കുത്തി മുകുന്ദനിരുന്നു

പെട്ടെന്നു ഞാൻ ചെന്നു പിന്നിലും നിന്നു

കാലുമുയർത്തിക്കരേറുവതിന്നായ്

കൌതുകത്തോടെ ഞാൻ നിന്നതു നേരം

കാർമുകിൽ വർണ്ണനെ കണ്ടതുമില്ല

കാനനം തന്നിൽ ഞാൻ താനേയലഞ്ഞൂ

കാട്ടുമൃഗങ്ങളെ കണ്ടൂ ഭയന്നൂ

കാട്ടിലുഴന്ന് നടക്കുന്ന കാലം

നിങ്ങളെക്കാണാനും സംഗതി വന്നൂ

നമ്മുടെ ഗോപലനെങ്ങു ഗമിച്ചൂ

തോഴീ രാധേ നീ നമ്മോടു ചൊൽക

നമ്മെയുപേക്ഷിപ്പാനെന്തൊരു ഹേതു

വൃക്ഷങ്ങൾ തന്നോടും വള്ളികളോടും

 

പക്ഷി മൃഗത്തോടും ചോദ്യം തുടങ്ങീ