മതിമുഖി മനോരമേ മാധവി നീ ഉറങ്ങിയോ

സാദരം ഞാന്‍ വിളിക്കുന്നതറിയുന്നില്ലേ

മാധവിയെന്നര്‍ദ്ധരാത്രിക്കെന്നെ വന്നു വിളിക്കേണ്ട

മാനിനിമാരോടും കൂടി രമിക്കവേണ്ടൂ

പീലിക നേത്രരുമായി പാതിരാത്രി കഴിവോളം

ഇന്ദ്രപുത്ര വിജയനിന്‍ വരവതോര്‍ത്താല്‍

ഇത്രരാത്രി  ചെല്ലുവോളമെന്തതിന്റെ കാരണവും

നേരെന്നോടു പറഞ്ഞേ ഞാന്‍ തുറക്കൂ വാതില്‍

നേരുഞാനുമുര ചെയ്യാം ഖേദവും നിനക്കു വേണ്ട

വാസുദേവ സഹോദരി തുറക്കൂ വാതില്‍

മുല്ലമലര്‍ മാല കെട്ടി മാധവനും ഞാനും കൂടി

തമ്മിലോരോ വിശേഷങ്ങള്‍ പറഞ്ഞിരുന്നു

പോകുവാനായ് മുകില്‍ വര്‍ണ്ണന്‍ അരുള്‍ ചെയ്തതില്‍ പിന്നെ

പൂര്‍ണ്ണചന്ദ്രേ പോന്നു വന്നു തുറക്കൂവാതില്‍

നിന്നിലില്ലാതൊരു നാരിമാരില്ലൊരനുരാഗം

ധന്യശീലേ പൊളിയല്ല പറഞ്ഞതൊന്നും

മിന്നല്‍ പോലെ വിളങ്ങുന്ന മുഖം കാണാഞ്ഞഴല്‍ പാരം

ധന്യശീലേ പൊളിയല്ല പറഞ്ഞതൊന്നും

 

അഞ്ചുപേരുമൊരുമിച്ചു പാഞ്ചാലിയെ വേട്ടുകൊണ്ടു

ചഞ്ചലപ്പെട്ടിരിക്കുന്നതെന്തിനു നാഥാ

പഞ്ചബാണാര്‍ത്തി കൊണ്ടെന്റെ നെഞ്ചകം വെന്തുരുകുന്നു

ചഞ്ചലാക്ഷി സുഭദ്രേ നീ തുറക്കൂ വാതില്‍

പഞ്ചബാണാര്‍ത്തിയെന്തിനു പെരുകുന്നു പ്രാണനാഥ

ചഞ്ചലാക്ഷി ജനമെല്ലാം എങ്ങുഗമിച്ചു

വ്യാജവാക്കു പറഞ്ഞെന്നെ ചതി ചെയ്‌വാന്‍ തുടങ്ങേണ്ട

നാഥനാണെ അണിവാതില്‍ തുറക്കയില്ല