[തിരുവാതിരക്കളിപ്പാട്ട്]

 

പങ്കജാക്ഷന്‍ കടല്‍ വര്‍ണ്ണന്‍ വാസുദേവന്‍ ജഗന്നാഥന്‍

നാരദാദി മുനിവൃന്ദ വന്ദിതന്‍ കൃഷ്ണന്‍

ഭാര്യമാരും പതിനാറായിരത്തെട്ടുമൊരുമിച്ചു

സാന്ദ്രമോദം ദ്വാരകയില്‍ വസിയ്ക്കും കാലം

 

പങ്കജാക്ഷനൊരുദിനം പങ്കജാക്ഷി രുഗ്മിണിയെ

സരസമായ് വിളിച്ചേവമരുളി ചെയ്തു

 

സാരസലോചനേ ബാലേ രുഗ്മിണീ നീവരികെടോ

ചൂതിനായിട്ടിരുന്നാലും വൈകരുതേതും

ചൂതിലേതും പരിചയമില്ലെനിക്ക്

ജീവനാഥാ

എങ്കിലും ഞാന്‍ ഒരു വട്ടം കളിച്ചിടുന്നേന്‍

എങ്കിലോ ഞാന്‍ പൊരുതീടാം ഒന്നുവേണം ഭഗവാനേ

നന്മയായ പണയങ്ങള്‍ പറഞ്ഞീടേണം

കേശവാ നീ തോറ്റുവെങ്കിലന്യനാരീജനങ്ങളി

ലാശ പൂണ്ടു വസിക്കയില്ലെന്നുരക്കേണം

കൈടഭാരിയരുള്‍ ചെയ്തു രുഗ്മിണീ നീ തോറ്റുവെങ്കില്‍

ഉപധനം നൃപധനം പറഞ്ഞീടേണം

 

ഇത്തരമരുളിചെയ്തു ചൂതെടുത്തു തട്ടുകേയും

വെട്ടുവാനായ് തുനിയുകയും വെട്ടിയിടുകയും

 

പൂമുടിക്കെട്ടഴിയുകയും പുഷ്പജാലം പൊഴികയും

മുല്ലമാല കെട്ടഴിഞ്ഞു വീണു പോകയും

പാതിരാത്രിയും കഴിഞ്ഞു കോഴികൂവുന്നതും കേട്ടു

ഇനിയുള്ള കളി ശേഷം നാളെയാവട്ടെ

ഇത്തരമരുളിചെയ്തു കൈപിടിച്ചു കടാക്ഷിച്ചു

ചിത്രമായ മെത്ത തന്മേല്‍ ശയിച്ചു കൃഷ്ണന്‍