ചന്തത്തില്‍ മുറ്റം ചെത്തിപ്പറിച്ചീല

ചന്തത്തില്‍ മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലീ ഓണം വന്നൂ
ചന്തയ്ക്കുപോയില്ല നേന്ത്രക്കാവാങ്ങീല
എന്തെന്റെ മാവേലീ ഓണം വന്നൂ
പന്തുകളിച്ചീലാ പന്തലുമിട്ടീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ
അമ്മാവന്‍ വന്നീല സമ്മാനം തന്നീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ
അച്ഛനും വന്നീലാ ആടകള്‍ തന്നീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ
നെല്ലു പുഴുങ്ങീല തെല്ലുമുണങ്ങീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ
പിള്ളേരും വന്നീല പാഠം നിറുത്തീല
എന്തെന്റെ മാവേലീ ഓണം വന്നൂ
കുഞ്ഞേലിപ്പെണ്ണിന്റെ മഞ്ഞികറുക്കുന്നു
എന്തെന്റെ മാവേലീ ഓണം വന്നൂ
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലീ ഓണം വന്നൂ

 


Get Malayalam lyrics on you mobile. Download our free app