അമരമാകണമെന്റെ രാഷ്ട്രം വിശ്വവിശ്രുതി നേടണം
നിഖിലവൈഭവപൂര്‍ണമാവണമെവിടെയും ജനജീവിതം
അരുതനീതികളാര്‍ത്തരറിയരുതംബ ദുഖമൊരല്‍പവും
വിശ്വശാന്തി വളര്‍ത്തുവാനവള്‍ ശക്തിശാലിനിയാകണം

ശ്രീസരസ്വതി തന്നുപാസന ധര്‍മമാക്കിയ ഭൂമിയില്‍
അജ്ഞതാതിമിരം പടര്‍ന്നു കിടപ്പതെന്തുവിപര്യയം
അര്‍ത്ഥതൃഷ്ണ ശമിപ്പതിന്നുലകുറ്റുനോക്കിയ സ്വര്‍ണഭൂ
പിച്ചതെണ്ടുവതെന്തു ദുസ്സഹമീയധോഗതി മാറണം

കര്‍മമേ പുരുഷാര്‍ത്ഥമാക്കിയ സിംഹവിക്രമശാലികള്‍
കര്‍മയോഗികള്‍ കര്‍മധീരര്‍ മഹാപരിശ്രമശാലികള്‍
ചോരകൊണ്ടുവിയര്‍പ്പുകൊണ്ടു സമൃദ്ധമാക്കിയ ഭൂമിയില്‍
എന്തുജാഡ്യമിതെന്തു നിഷ്ക്രിയഭാവമീസ്ഥിതി മാറണം

സ്വാര്‍ത്ഥഭാവനയെന്തുകൊണ്ടീയജ്ഞഭൂവിലുയര്‍ന്നിടാന്‍
ഇവിടെയല്ലീ പിറന്നുപണ്ടേ ത്യാഗശീലരകിഞ്ജനര്‍
ആത്മബലിചെയ്യുമ്പൊഴും ഞാനെന്നമത്സരബുദ്ധികള്‍,
വീണ്ടുമുല്‍ക്കടരാഷ്ട്രസേവാഭവ്യഭാവന വളരണം


Get Malayalam lyrics on you mobile. Download our free app