കുഞ്ഞേടത്തിയെ തന്നെയല്ലോ ഉണ്ണിയ്ക്കെന്നെന്നുംമേറെയിഷ്ടം

 പൊന്നേ പോലത്തെ നെറ്റിയിലുണ്ടല്ലോ മഞ്ഞൾ വരക്കുറി ചാന്തുപൊട്ടും

 ഈറൻമുടിയിലെള്ളണ്ണ മണം ചിലനേരമാ തുമ്പത്തൊരു പൂവും 

 കയ്യിലൊരറ്റ കുപ്പിവള മുഖം കണ്ടാൽ കാവിലെ ദേവി തന്നെ

 മടിയിലുരുത്തീട്ട് മാറോട് ചേത്തിട്ടു മണി മണി പോലെ കഥപറയും 

 ആനേടെ, മയിലിന്റെ, ഒട്ടകത്തിന്റെയും ആരും കേൾക്കാത്ത കഥപറയും 

 

 കുഞ്ഞേടത്തിയെ തന്നെയല്ലോ ഉണ്ണിയ്ക്കെന്നെന്നുംമേറെയിഷ്ടം

 ഉണ്ണിയ്ക്കെന്തിനുമേതിന്നും കുഞ്ഞേടത്തിയെ കൂട്ടുള്ളൂ 

 കണ്ണിൽ കണ്ടതും കത്തിരിക്കായുമി- 

 തെന്താണെന്നുണ്ണീ ചോദിയ്ക്കും 

 കുഞ്ഞേടത്തി പറഞ്ഞു കൊടുക്കുമ്പോൾ ഉണ്ണിയ്ക്കത്ഭുതമാഹ്ലാദം..! 

 എന്തിന് പൂക്കൾ വിരിയുന്നു..?

 ഉണ്ണിയെ കാണാൻ കൊതിച്ചിട്ട്..!

 എന്തിന് തുമ്പികൾ പാറുന്നു..?

 ഉണ്ണിയെ കാട്ടികൊതിപ്പിയ്ക്കാൻ..! 

 അണ്ണാർക്കണ്ണനും മണ്ണുചുമന്നതും, കുഞ്ഞിതത്ത വയറുവറുത്തതും,

 ആയർപെണ്ണിന്റെ പാൽക്കുടം തൂവി- യോരായിരം തുമ്പപ്പൂമണ്ണിലുതിർന്നതും,

 പാവം തെച്ചിയ്ക്ക് ചെങ്കണ്ണായതും, പൂവൻ കുലച്ചതിൽ പൂന്തേനുറഞ്ഞതും, 

 കാർമുകിൽ കാവടി തുള്ളിയുറഞ്ഞിട്ട് നീർപെയ്തുതാഴെ തളർന്നേ വീണതും, 

 നക്ഷത്ര പാടത്ത് കൊയ്ത്തിന്നാരോ പുത്തൻ പൊന്നരിവാളുമായ് വന്നതും, 

 പയ്യെ പയ്യെ പകൽകിളി കൂടുവിട്ട-  യയ്യയ്യ വെള്ളി തൂവൽ കുടഞ്ഞതും, 

 കാക്കയിരുന്നു വിരുന്നു വിളിച്ചതും, കാക്കേടെ കൂട്ടിൽ കുയിൽ മുട്ടയിട്ടതും,

 ഈച്ചയും പൂച്ചയും കഞ്ഞിവെച്ചട്ടതിൽ ഈച്ചമരിച്ചതും പൂച്ചകുടിച്ചതും,

 ഉച്ചവെയിലെങ്ങോ വെള്ളം കുടിയ്ക്കാൻ പെട്ടന്നുപോയി തിരികെ വരുന്നതും, 

 കുഞ്ഞേടത്തി പറഞ്ഞു കൊടുക്കുമ്പോൾ ഉണ്ണിയ്ക്കത്ഭുതമാഹ്ലാദം..! 

 

 ഒക്കത്തെടുത്തു നടന്നു കുഞ്ഞേടത്തി ഒക്കെയും ഉണ്ണിയെ കാട്ടുന്നു 

 ഒരുനാളങ്ങിനെ പുഴകണ്ടു കുഞ്ഞു തിരകളതിന്മാറിൽ ആടുന്നു 

 പാൽനുരകളതിന്മാറിലുതിരുന്നു തിരു തകൃതിയിലെങ്ങോ പായുന്നു... 

 കുടിവെച്ച മലയുടെ താഴ്വാരത്തി- ന്നടിവെച്ചടിവെച്ചു വരികയത്രെ..

 മക്കൾ വാഴുന്നിടം കാണാനകൊ- ച്ചു മക്കളെ കാണാൻ വരികയത്രെ! 

 ഏതാണാമക്കളെന്നുണ്ണി ചോദിയ്ക്കെ കുഞ്ഞേടത്തിതൻ മുഖം വാടുന്നു...

 തെല്ലിടെ പോകെ പറയുന്നു പുഴയ്ക്കെല്ലാരുമെല്ലാരും മക്കളാണ്..!

 നമ്മളും.. നമ്മളും.. 

 വിസ്മയമാർന്നുണ്ണി അമ്മയെ വിടർകണ്ണാൽ കാണുന്നു.. 

 കുഞ്ഞിത്തിരകളെ കയ്യിലെടു- ത്തിട്ടൂഞ്ഞാലുട്ടൊന്നരമ്മ 

 ഉള്ളംകയ്യുമടക്കുനിവർത്തീട്ടു- മ്മകൊടുത്തിട്ടുയിരുകുളിർത്തിട്ടു- 

 ണ്ണിയുറങ്ങുന്നു താരാട്ടു പാടുന്ന കുഞ്ഞേടത്തിയെ പോലെ അമ്മയുമിങ്ങനെയാണോ..? 

 

 കുഞ്ഞേടുത്തിതൻ കയ്യിൽപിടിച്ചു- കൊണ്ടുണ്ണി പുഴയിലിറങ്ങുന്നു 

 അത്തെളിനീറ്റിലെങ്ങിനെ ആദ്യം തൊട്ടപ്പോൾ ഇക്കിളി തേൻ കുളിൽ മെയ്യാകെ..

 ഇത്തിരി കുറുവര വൃത്തങ്ങൾ നീറ്റിൽ പൊട്ടിവിരിയുന്നു മായുന്നു.. 

 മീതെ തൊട്ടു തൊടാതെ പറന്നുപോം ഏതോ പക്ഷിയെ കാണുന്നു 

 താഴെയൊരു തള്ള മീനുണ്ടതിൻ പിമ്പേ താളത്തിൽ തത്തുന്നു 

 കുഞ്ഞുങ്ങൾ പുഴയിലിറങ്ങുവാൻ മോഹമായുണ്ണിയ്ക്ക് പുഴയിൽ നീന്തി കുളിയ്ക്കേണം 

 പുഴയെകെട്ടിപ്പിടിച്ചുകിടന്നമ്മ- കുളിരിൽ മുങ്ങിയുറങ്ങേണം 

 കുഞ്ഞേടത്തി വിലയ്ക്കുമ്പോഴാ- കുഞ്ഞുമിഴികൾ നിറയുന്നു 

 കൈയ്ക്കു പിടിച്ചു കരയ്ക്കു കയറ്റി കൈകാൽ തോർത്തിച്ചെടുത്തു നടക്കേ 

 അരുതരുതുണ്ണീ എന്നല്ലാതൊന്നും ഉയിരാടീല്ലന്നു കുഞ്ഞേടത്തി 

 

 ഉണ്ണിക്കിനാവിലും പിന്നെപലകുറി കുഞ്ഞേടത്തിതൻ കൈയ്ക്കുപിടിച്ചും

 ചെന്നുപുഴയിയിലാന്നാലുമിറങ്ങി ചെല്ലാനായി ആഴത്തിൽ 

 ഉണ്ണിയ്ക്കെന്നാലും പിണക്കമില്ല! കുഞ്ഞേടത്തി വെറും പാവം..

 ആകതളർന്നു കിടക്കും തന്നെ അച്ഛനെ ആരെ താങ്ങുന്നു കുഞ്ഞേടത്തി 

 ഓണം വിഷുവിനും ആണ്ടിലിരുകുറി ഓടിവന്നോടിപോം വല്ല്യേട്ടൻ 

 കള്ളനെപോലെ പതുങ്ങി കടന്നു വന്നുള്ളതു വല്ലതും വാരിക്കഴിച്ചുപോം രണ്ടാമത്തേട്ടനെ 

 കണ്ടന്നതാരോടും മിണ്ടരുതെന്നോതും കുഞ്ഞേടത്തി 

 ഒറ്റയ്ക്കടപ്പിൽ തീയൂതുന്നു വെയ്ക്കുന്നു ഒക്കെയറിയുവാൻ ഉണ്ണിമാത്രം

 

 ഒറ്റയ്ക്കിരുന്നു കരയുമ്പോൾ ആ കണ്ണീ- രൊപ്പുവാനുണ്ടൊരാൾ ഉണ്ണിമാത്രം 

 എന്തേ കുഞ്ഞേടത്തിയിത്രയോർക്കാൻ എന്തേയോർത്തു മിഴിനിറയ്ക്കാൻ 

 ഒന്നുമറിയില്ലയുണ്ണിയ്ക്കെങ്കിലും ഒന്നറിയാം പാവം കുഞ്ഞേടത്തി 

 അക്കൈ മുറുകെ പിടിച്ചുകൊണ്ടേ പുഴ വക്കത്തു ചെന്നങ്ങ് നിൽക്കുമ്പോൾ 

 ഒന്നാപുഴയിലിറങ്ങികുളിയ്ക്കുവാൻ ഉണ്ണിയ്ക്ക് പൂതി വളരുന്നു 

 അരുതരുതെന്ന് വിലയ്ക്കുകയല്ലാതെ ഉരിയാടീല്ലൊന്നു കുഞ്ഞേടത്തി 

 എന്നാലൊരു രാത്രി ഉണ്ണിയുമച്ഛനും ഒന്നുമറിയാതെ ഉറങ്ങുമ്പോൾ 

 എന്തിനാ പുഴയുടെ ആഴത്തിൽ കുഞ്ഞേടത്തി ഒറ്റയ്ക്കിറങ്ങിപ്പോയ്

 ഉണ്ണിയെ കൂടാതെ കൂട്ടുവിളിയ്ക്കാതെ കുഞ്ഞേടത്തി ഇറങ്ങിപ്പോയ്

 അച്ഛൻ കട്ടിലുണരുതാറങ്ങുന്നു മുറ്റത്താളുകൾ കൂടുന്നു

 ഒന്നുമറിയാതെ ഉണ്ണിമിഴിയ്ക്കുമ്പോൾ ഒന്നുണ്ടു കാതിൽ കേൾക്കുന്നു

 കുഞ്ഞേടത്തിതൻ കുഞ്ഞിവയറ്റി- ലൊരുണുണ്ടിയുണ്ടായിരുന്നെന്നു

 കുഞ്ഞേടത്തിയെ തന്നെയല്ലോ ഉണ്ണിയ്ക്കെന്നലുമേറെയിഷ്ടം.. 

 കുഞ്ഞേടത്തിയെ തന്നെയല്ലോ ഉണ്ണിയ്ക്കെന്നെന്നുംമേറെയിഷ്ടം..

 

 

 


Get Malayalam lyrics on you mobile. Download our free app