പക

 

Murukan Kattakkada (മുരുകന്‍ കാട്ടാക്കട)

 

ദുരമൂത്തു നമ്മൾക്ക്, പുഴ കറുത്തു

ചതി മൂത്തു നമ്മൾക്ക്, മല വെളുത്തു

തിരമുത്തമിട്ടോരു കരിമണൽതീരത്ത്-

വരയിട്ടു നമ്മൾ പൊതിഞ്ഞെടുത്തു

പകയുണ്ട് ഭൂമിക്ക്, പുഴകൾക്കു, മലകൾക്കു,

പുകതിന്നപകലിനും ദ്വേഷമുണ്ട്

 

രാസതീർത്ഥം കുടിച്ചാമാശയം വീർത്ത്

മാത്രാവബോധംമറഞ്ഞ പേക്കുട്ടികൾ

രാത്രികൾപോലെ കറുത്ത തുമ്പപ്പൂവ്

രോഗമില്ലാതെയുണങ്ങുന്ന വാകകൾ

 

മാനത്ത് നോക്കൂ കറുത്തിരിക്കുന്നു

കാർമേഘമല്ല, കരിമ്പുകച്ചുരുളുകൾ

പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നൂ

പിച്ചിയല്ല, വിഷം തിന്ന തെച്ചി.

കാറ്റിനെയൊന്ന് മണത്തു നോക്കൂ, മണം

ഗന്ധകപ്പാലപൂത്തുലയുന്ന മാദകം

പോക്കുവെയിലേറ്റൊന്നിരുന്നു നോക്കൂ

പുറംതോലറ്റിറങ്ങുന്നതഗ്നി സർപ്പം

 

മഴയേറ്റു മുറ്റത്തിറങ്ങി നിൽക്കൂ മരണ-

മൊരു തുള്ളിയായണുപ്രഹരമായി

ഉപ്പുകല്ലൊന്നെടുത്തുനോക്കൂ കടൽ

കണ്ണീരിനുപ്പിൻചവർപ്പിറക്കൂ

പകയുണ്ട് ഭൂമിക്ക്, പുഴകൾക്കു, മലകൾക്കു,

പുകതിന്നപകലിനും ദ്വേഷമുണ്ട്

 

ഇരുകൊടുങ്കാറ്റുകൾക്കിടയിലെ ശാന്തിതൻ

ഇടവേളയാണിന്ന് മർത്യജന്മം

തിരയായി തീരത്തശാന്തിയായ് തേങ്ങലായ്

പതയുന്നു പുകയുന്നു പ്രകൃതിപ്പക..

ഇതു കടലെടുത്തൊരാ ദ്വാരകാപുരിയിലെ

കൃഷ്ണപക്ഷക്കിനാവുള്ള ദ്വാപരർ

ആരുടേതാണുടഞ്ഞൊരീ കനവുകൾ‌?

ആരുടച്ചതാണീ കനൽചിമിഴുകൾ‌?

ആരുടേതീ നിരാലംബ നിദ്രകൾ‌?

ആരുറക്കിയീ ശാന്തതീരസ്മൃതി
നീ, ജലാദ്രി, തമോഗർത്ത സന്തതി

നീ, ജലാദ്രി, തരംഗരൂപിപ്പക!

 

അലറി ആർത്തണയുന്ന തിര തമോഗർത്തത്തില-

ടവച്ചു വിരിയിച്ച മൃതി വിളിച്ചു

അലമുറകളാർത്തനാദങ്ങൾഅശാന്തികൾ

അവശിഷ്ടമജ്ഞാതമൃതചിന്തകൾ

അംഗുലീയാഗ്രത്തിൽ‌‌ നിന്നൂർന്നു തിരതിന്ന

പുത്രനായ് കേഴുന്ന പിതൃസന്ധ്യകൾ

ഇനിയെത്ര തിരവന്നു പോകിലും

എന്റെ കനൽമുറിവിൽ നിൻമുഖം  മാത്രം

എന്റെ ശ്രവണികളിൽനിൻതപ്ത നിദ്രമാത്രം

തൊട്ടിലാട്ടുന്ന താരാട്ടുകയ്യുകൾ

കെട്ടി അമ്മിഞ്ഞ മുത്തുന്ന മാറുകൾ

കവിളിലാരാണു തഴുകുന്നൊതീ കുളിർ

കടൽമാതാവ് ഭ്രാന്തവേഗത്തിലോ..?

അരുത് കാട്ടിക്കുറുമ്പ് കാട്ടേണ്ടൊരീ

തരളഹൃദയത്തുടിപ്പസ്തമിച്ചുവോ?

നിഴലുകെട്ടിപ്പുണർന്നുറങ്ങുന്നുവോ

പുലരികാണാപ്പകൽക്കിനാച്ചിന്തുകൾ

ഇന്നലെ ഹിന്ദുവായ് ഇസ്ലാമിയായ് നാം

കൊന്നവർകുന്നായ്മ കൂട്ടായിരുന്നവർ

ഇന്നൊരേകുഴിയിൽ കുമിഞ്ഞവർഅദ്വൈത

ധർമ്മമാർന്നുപ്പു നീരായലിഞ്ഞവർ

ഇരു കൊടുങ്കാറ്റുകൾക്കിടയിലെ ശാന്തിതൻ

ഇടവേളയാണിന്നു മർത്യജന്മം

തിരയായി തീർത്തശാന്തിയായ് തേങ്ങലായ്

പതയുന്നു പുകയുന്നു പ്രകൃതിപ്പക

 

അരുമക്കിടാങ്ങളുടെ കുരലു ഞെക്കിക്കൊന്ന

സ്ഥിരചിത്തയല്ലാത്തൊരമ്മയെപ്പോൽ

കടലിതാ ശാന്തമായോർമ്മകൾതപ്പുന്നു

ഒരു ഡിസംബർത്യാഗതീരം കടക്കുന്നു.

 

 

 

 


Get Malayalam lyrics on you mobile. Download our free app