നന്മകൾക്ക് നിറം കെടുന്നൊരു കാലമെന്നുണ്ണീ

തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ

മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ

പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ

 

ദീപനാളം കണ്ടുപാറും പ്രാണികൾ പോലെ

ചിറകുവെന്തു കരിഞ്ഞു മണ്ണിലടിഞ്ഞിടല്ലുണ്ണീ

ഓർത്തു വയ്ക്കാനൊത്തിരിക്കഥ ബാക്കിയെന്നുണ്ണീ

ബാക്കി വെച്ചവ ബാക്കിയാക്കാൻ നോക്കി നിൽക്കുണ്ണീ

 

ആറ്റിൽ മുങ്ങിയുറഞ്ഞു തുള്ളി ഉണർന്ന ബാല്യങ്ങൾ

അറ്റിലിപ്പോളർബുദ പ്പുണ്ണായ് മണൽക്കുഴികൾ

മാവിലെ കുഞ്ഞാറ്റമുട്ട വിരിഞ്ഞൊരാക്കൂട്

കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞുപോയുണ്ണീ

 

വിൽപനക്കു നിരത്തി വച്ചവ ഒക്കെ വിത്താണ്

വിത്തു വാരിവിതച്ച പാടം ചത്തിരിപ്പാണ്

നാളെ ഞാനും നിന്റെ നാടും  മുളം കാടും

ലേലമിട്ടു വിരുന്നുകാർക്കു വിളമ്പുമെന്നുണ്ണീ

 

മാറ്റമില്ലാ എന്നു കരുതിയതൊക്കെയും മാറി

മാറ്റവും മറുമാറ്റവും ചെറു തോറ്റവും മാറി

പാട്ടുമാറി പകിട മാറി പതിവുകൾ മാറി

കൂട്ടുമാറി കുടിലുമാറി കൂത്തുകൾ മാറി

 

അച്ഛനാരെന്നറിയാതെ അമ്മമാർ മാറി

അമ്മയാരെന്നറിയാതെ ആങ്ങളമാറി

പെങ്ങൾ ആരെന്നറിയാതെ പൊരുളുകൾ മാറി

മാറിമാറി മറിഞ്ഞ കാലം മാഞ്ഞു മറയായി

 

മാറി മാറി മറിഞ്ഞ കാലം മാറിമറിയുമ്പോൾ

മാറിനുള്ളിലെരിഞ്ഞ ദീപ മണഞ്ഞിടല്ലുണ്ണീ

കാടു കത്തി അമർന്നിടത്തു കുരുത്തു പേഴും കാ

കായെടുത്ത് കടിച്ചു പല്ലു കളഞ്ഞിടല്ലുണ്ണി


Get Malayalam lyrics on you mobile. Download our free app